Monday, April 13, 2015

സദാചാര പുസ്തകം (പഴയതും, പുതിയതും) അഥവാ പഴയ കത്തും പുതിയതും''അളിയാ നിന്റെ പേരുണ്ടോ?''
''പഴയതില്‍ ഉണ്ടായിരുന്നളിയാ... പുതിയതിലില്ല.''
''ഓ... നീയാ തിരുവല്ലേല സ്ഥലം എത്രയ്ക്കാ കൊടുത്തത്?''
''-----------------''
''ഹലോ... അളിയാ...''
''------------------''
''ഹലോ... എടേ മറ്റേ... നീ കേള്‍ക്കുന്നുണ്ടോ?''
''------------------''
''അപ്പോ അതങ്ങന തന്നാ...''
---------------------------------------------------------------

Saturday, March 29, 2014

വാർത്ത


ട്രെയിനി : സർ, മറ്റേ... ഭാര്യ ആത്മഹത്യ ചെയ്ത സ്കൂൾ മാഷില്ലേ  ഈനാശു മാഷ്‌ ... ആള് ഇന്ന് ജോലിയിൽ തിരികെ കേറീത്രെ !
എഡിറ്റർ : ഹൈ... ആ കന്നാലി ചതിചൂല്ലോ ... വല്ലാത്ത ചതിയായി ...
ട്രെയിനി : അതെ അതെ ... കുറച്ചു അന്തസ് കേടായില്ലേ ?
എഡിറ്റർ : എന്തൂട്ട് അന്തസ്സ് ? ഡാ .. പത്രപ്രവർത്തക ശുംഭാ ... നീ എന്തായീ പഠിക്കണേ ? ഇയാള് ഈ ഈനാശുമാഷ്‌ ഒരു നാലഞ്ചു വാർത്ത ഗാരണ്ടി ആയിരുന്നു. ഈ മാഷ്‌ പട്ടിണി കിടക്കും ...  വാർത്ത കുറവുള്ളപ്പോ അതങ്ങോട് കാച്ചാം.  പിന്നെ , ഒന്നീൽ ഇയാള് പട്ടിണി കിടന്നു മരിക്കും ; അല്ലെങ്കിൽ ആത്മഹത്യ. അത് വല്യ വാർത്ത്യല്ലേ  ?   പിന്നെ മാഷിന്റെ മക്കള് ..., അവരുടെ പട്ടിണി... അവരെ ദത്തെടുത്താൽ വാർത്ത , ഇല്ലെങ്കിൽ വാർത്ത . സര്ക്കാര് ജോലി കൊടുത്താൽ വാർത്ത , ഇല്ലെങ്കിൽ വാർത്ത . മോള് ചിലപ്പോ സിന്മേൽ കേറും. അത് വാർത്ത. മോൻ ചിലപ്പോ ഗുണ്ടാവൂട .. അത് വാർത്ത്യായില്ലേ  ഗിടി. നീ എന്തൂട്ട് തെങ്ങ്യാടാ ട്രെയിനിംഗ് നടത്തണേ ? ഇതിപ്പോ ഒരു ജാതി മറ്റേ പണ്യായില്ലേ ?
ട്രെയിനി : .... (സാഷ്ടാംഗം പ്രണമിച്ചു തറയിൽ കിടക്കുന്നു.)

Thursday, October 24, 2013

അതിമോഹമാണ് മോനെ...!

ഒരു  കണ്ണ് ; മുഴുവനും ഇല്ല .
പക്ഷെ ഒരു വശം കൊണ്ട് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.
പാളി നോക്കി ഡൈനിംഗ് ടേബിളിലെ കട്ടൻ കാപ്പിയും കേക്കും സമന്വയിപ്പിച്ച് ആമാശയം ലക്ഷ്യമാക്കി എറിയുന്നതിനിടെ നായികയുടെ അമ്മയെത്തി ... ഒരു ചോദ്യം
" മോന് എത്ര വയസായി ?"

ഒരു മലയുടെ അത്രയും പൊക്കത്തിൽ അടുക്കി വച്ചിരുന്ന ലഡ്ഡു കൂമ്പാരം ചറപറാ പൊട്ടി...
താടിയിലെ വെള്ളിരോമങ്ങൾ ടപ്പേന്ന് പൊത്തി ! ആവശ്യത്തിന് നാണവും നാടകവും വരുത്തി.
ഒരൽപ്പം കുറച്ചു തന്നെ പറയാമെന്നു കരുതി .
"മുപ്പത്തി....."
" അയ്യോ .. മോന്റെയല്ല ; മോന്റെ മകന്റെ വയസ്സ് ?"
കഥ കഴിഞ്ഞു.

Thursday, July 4, 2013

ഗസറ്റ്ഊഴം കാത്തിരിക്കുമ്പോഴാണ് ആ രണ്ടു പെണ്‍കുട്ടികൾ  സംസാരിച്ചത് ...
" എന്താ ഇവിടെ ?"
"ഗസറ്റിൽ കൊടുത്ത് പേര് മാറ്റാൻ... "
"ഞാനും !"
"എന്താ പേര് ? "
" അത്...... അത്.... സരിത നായർ "
"..................... "
" അല്ല , സരിതാന്നാണോ കുട്ടിയുടെയും പേര് ? "
" ശാലു "

ഒന്നാം ഊഴത്തിലുണ്ടായിരുന്ന  ഷക്കീല ഉമ്മയോട് പറഞ്ഞു " ഇങ്ങള് വരീൻ ... എനിക്കീ പേരും കൊണ്ട് കിട്ടണ നിക്കാഹ് മതി .ഇവര് പാവങ്ങള് പേര് മാറ്റിക്കോട്ടെ !"

Friday, March 1, 2013

കേരളം അഥവാ മലയാളി ജീവിതം !

പൈപ്പില്‍ വെള്ളമില്ല , കിണറു വറ്റി വരണ്ടു ... 
കാര്യങ്ങളൊന്നും നടക്കാതെ 
കുപ്പി  വെള്ളം വാങ്ങാന്‍ 
കടയിലേക്ക് പായുന്ന 
തിരക്കില്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനു 
പോലീസ് പിടിച്ചു ... !


Friday, June 8, 2012

അത് പെണ്ണ് !

അവള്‍ എന്റെ ഉറക്കം കെടുത്തി കൊണ്ടേയിരിക്കുന്നു .....
ആദ്യം അത് പെണ്ണാണെന്ന് അറിയില്ലായിരുന്നു.
അവളുടെ മൂളിപ്പാട്ട്
  കടുത്ത മരുന്നിന്റെ മയക്കത്തിലും എന്നെ
             വിടാതെ പിന്തുടര്‍ന്നു !
അവള്‍ എന്റെ നാടിനെയാകെ
കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു !
എത്ര പേര്‍.... എത്രയോ വട്ടം...
എല്ലാം വെറും ശ്രമങ്ങള്‍ മാത്രം !
എന്നിട്ടും അവള്‍ .... !
ഇന്നും.... 
അവള്‍ എന്റെ ഉറക്കം കെടുത്തി കൊണ്ടേയിരിക്കുന്നു .....

Tuesday, February 14, 2012

വിപ്ലവം ഇവന്‍റ് !

സമ്മേളനത്തിന്  കൊടി  കെട്ടാന്‍ പുറത്തൂന്നു ആള് വിളിച്ചൂന്ന് കേട്ടു ? 
ഹ ഹ ഹ എടോ... അതിനു ഈ പാര്‍ടിക്ക് നല്ല പോലെ അറിയാവുന്ന ഒരേ ഒരു പണി അതാ... 
അതിനിപ്പോ പുറത്തൂന്ന് ആളെടുക്കുമോ ? ഇത്രയും നാള്‍ ' ഇവനൊക്കെ കോടി കെട്ടുന്നേ'  എന്നായിരുന്നു പരാതി. 
ഇപ്പൊ കെട്ടുന്നില്ലെന്ന്.... ഹ ഹാ ....

Sunday, November 14, 2010

മത പരിവര്‍ത്തനം - സാഹിത്യത്തില്‍. !


ചുറ്റും നിരത്തിയിട്ട സാഹിത്യ കൃതികളെ
അയാള്‍ ഒന്ന് കൂടി നോക്കി....

ഫാസിസത്തിന്‍റെ വിത്തുകള്‍ !
ഭൂമി ഒരു ദേവിയാണത്രേ !
ആല്‍മരം ദൈവം!
അതിനു ചുവട്ടിലെ കല്ല്‌ ദൈവം !
താലി ആലിലയില്‍...
ഉണ്ണി കൃഷ്ണന്‍റെ കിടപ്പും അവിടെ തന്നെ !
നാലുകെട്ട് , ബ്രാഹ്മണ്യം , തറവാട്,
കുളം , പുഴ....... എന്തിന്
പശു - നന്ദിനി
ആട് - കല്യാണി
ആന - കേശവന്‍

പേന കയ്യിലെടുത്തു ദേഷ്യം കടിച്ചമര്‍ത്തി....
നെറ്റിയിലെ വിയര്‍പ്പ് തുടച്ചു കളഞ്ഞ് അയാള്‍ എഴുതി തുടങ്ങി...
" ജോണി മെല്ലെ ലിസിയുടെ കൈവിരലുകളില്‍ തൊട്ടു.
അപ്പോള്‍... അന്തപ്പന്റെ റബ്ബര്‍ മരങ്ങള്‍ പാല്‍ ചുരത്തി.
ഗര്‍വാസിന്റെ കൊമ്പന്‍ ലോപ്പസ് തലയെടുപ്പോടെ പള്ളിപെരുന്നാളിനു
പോവുകയായിരുന്നു !
ഭൂമി ഒരു വിശുദ്ധ മാലാഖയായി....
വറീത് മാപ്പിളയുടെ ഷാപ്പില്‍
ഒരു നേരിയ വെളിച്ചം....
......... "

Wednesday, November 10, 2010

കെണി വാങ്ങി ! 100 രൂപ.

അവന്‍ ഞങ്ങളുടെ
വീട്ടിലെ
അംഗം ആയിരുന്നു.
അനുവാദമില്ലാതെ
നുഴഞ്ഞു
കയറിയ ശത്രു.
ചിലപ്പോള്‍ ചില പിണക്കങ്ങള്‍....
ചില ബലപ്രയോഗങ്ങള്‍ ...
എന്നിട്ടും എന്‍റെ പത്തായത്തിലെ നെല്ലില്‍
അവനും അവകാശമുണ്ടായിരുന്നു ...
***** * ***** * **** * **** * ****

ഇന്ന് അവന്‍റെ പേരില്‍ സ്വന്തമായൊരു രോഗമുണ്ട്‌...
അത് ആളെ കൊല്ലുന്നു....

എനിക്കും എന്‍റെ കുടുംബത്തിനും അവനെ പേടിയാണ്.

ഞാന്‍ ഇന്നൊരു എലിപെട്ടി വാങ്ങി.

Saturday, July 24, 2010

രതിയുടെ സ്വപ്നലോകം !


കിടക്കയില്‍ എന്തോ തടഞ്ഞു .
ഞെട്ടിയുണര്‍ന്നു .... നൂറു കണക്കിന് കുരുന്നു കൈകള്‍ ....
രക്ഷ തേടി കണ്ണുകള്‍ പാഞ്ഞത് വാതിലിനെ പരതാന്‍.... പക്ഷെ .... അവിടെ വാതിലുകളില്ല. ചുവരുകള്‍ മാത്രം.
ചുവരുകളില്‍ തന്നെ തുറിച്ചു നോക്കുന്നത് ഒരായിരം കണ്ണുകള്‍ ..
കുഞ്ഞു കണ്ണുകള്‍ !
നിരീശ്വര വാദത്തിന്റെയും യുക്തിചിന്തയുടെയും വിപ്ലവ കുന്ത മുനകള്‍ ഒടിഞ്ഞു വീണു.
"...... രക്ഷിക്കണേ ചാത്താ"
ഈ ഭൂതങ്ങളില്‍ നിന്നും രക്ഷ തേടണം.
ഓടി കയറിയത് കുളി മുറിയില്‍....
രക്തം ഉറഞ്ഞു ...
കാലുകള്‍ പതിഞ്ഞത് കുളിമുറിയില്‍ ചിതറി കിടക്കുന്ന കുഞ്ഞുങ്ങളുടെ ശരീരങ്ങളില്‍.....
അലറി വിളിക്കാന്‍ പോലും ശക്തിയില്ല ....
കരച്ചില്‍... കരച്ചില്‍... കരച്ചില്‍... കരച്ചില്‍...
"അയ്യോ ........"
................................ .................................
ഉണരുമ്പോള്‍ കൊച്ചു പുസ്തകങ്ങളും , സി ഡി യും , മൊബയിലിലെ എം എം എസ്സുകളും പിന്നെ ചിന്തകള്‍ക്ക്
രതിയുടെ സ്വപ്നലോകം സമ്മാനിക്കുന്ന എല്ലാ സ്ഥാവര -ജംഗമ വസ്തുക്കളും പൂട്ടികെട്ടി ....
സ്കൂളിലേക്കുള്ള വഴിയില്‍ അവന്‍ ചിന്തിച്ചു .... " ഇനി ഈ കുരിശ് ആരുടെ തലയില്‍ കെട്ടി വയ്ക്കും ?"

Monday, March 22, 2010

ശമ്പളം അഥവാ ആത്മഹത്യ !
പാല്‍
--------------- 750 .00
പത്രം ------------------- 125 .00
പലചരക്ക് -------------2500 .00
ഫീസ്‌ ,സ്കൂള്‍ പലവക ---5000 .00
പെട്രോള്‍ --------------2000 .00
നാപ്കിന്‍
(മകള്‍ക്ക് ultra ഭാര്യക്ക്‌ സാദാ )--- 215 .00

സിഗരറ്റ് വലി പണ്ടേ നിര്‍ത്തി... ഇത് പോലൊരു കണക്കെഴുതിയ രാത്രിയില്‍! കള്ളുകുടി ഇപ്പോഴുംഓസിനു കിട്ടിയാല്‍ മാത്രം.
കല്യാണം ,
പാലുകാച്ച്, നൂല് കെട്ട്.... എത്രയോ കാലമായി. അച്ഛന് ഒരുമുണ്ട് വര്‍ഷത്തിലൊന്ന് പതിവുണ്ടായിരുന്നു. അമ്മക്ക് ഒരു പിടി പൂക്കള്‍, ഒരു വിളക്ക്... എണ്ണ.....! കയ്യിലെ നോട്ടുകള്‍ ഒന്ന് കൂടി എണ്ണി !
ഇല്ല ... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല .
കയര്‍
,
പൊട്ടാത്ത നല്ലയിനം വേണം. നടുവോടിഞ്ഞാല്‍പോരല്ലോ ?
അല്ലെങ്കില്‍
വിഷം . കൂടിയത് തന്നെ വേണം.
വയര്‍
ഇളകിയാല്‍ പോരല്ലോ ? നടക്കില്ല. പതിവ് പോലെ ഈയിനം
അടുത്ത
മാസത്തേയ്ക്ക്മാറ്റി.

Wednesday, March 17, 2010

ഗൗരവം

സര്‍ദാര്‍ജിമാര്‍, ആനകള്‍, ഉറുമ്പുകള്‍, നമ്പൂതിരിമാര്‍, മത്തായി, സീതി ഹാജി, ഉണ്ണികുട്ടന്‍, ടിന്റുമോന്‍ തുടങ്ങി ആയിരങ്ങള്‍ തങ്ങളുടെ പകര്‍പ്പവകാശത്തിനായി കോടതി കയറുന്നു. ! സാഹിത്യ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്നു. എല്ലാവര്‍ക്കും ഒരു വിപ്ലവ മുഖം !!
ധീരതയുടെ
, മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഒരു പുതിയ സാഹിത്യ ശക്തിയാവുകയാണ് .
സുകു
അഴിക്കോടും, മുകുന്ദനും അറിയാതെ പോകുന്നത്. !!!

Wednesday, January 27, 2010

വെളിച്ചത്തിന്റെ നിഴല്‍

വെളിച്ചത്തിന്റെ നിഴലിനെ കുറിച്ച്
കേട്ടിട്ടുണ്ടോ ?
ഇരുട്ടില്‍ മാത്രം ജീവിക്കുന്നവര്‍
അതാണ് കൊതിക്കുന്നത്.
ഒരു പൊട്ടു ദ്വാരത്തിലൂടെ
അരിച്ചു വരുന്ന
വെളിച്ചത്തിന്റെ നിഴലിനെ ...

സ്വം !


ഉറങ്ങാന്‍ കിടന്നപ്പോള്‍
അയാള്‍ കുറെ സാധനങ്ങള്‍
കൂടെ കരുതി !
പൌഡര്‍, കണ്ണാടി, ചീപ് ,
നല്ല കുറെ കുപ്പായങ്ങള്‍ ....
അന്നയാള്‍ നല്ല ചെറുപ്പമായിരുന്നു .

പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
പട്ടു മെത്തയും, സിഗരെറ്റും,
കുറെ മദ്യവും കരുതി ...

പിന്നെ , ഒടുവില്‍ മുടി കറുപ്പിക്കാനുള്ള
സാമഗ്രഹികളും മറ്റു ചിലതും !

മരണത്തോടെ ചെന്നെത്തുന്ന
മറ്റൊരു ലോകത്ത് തന്റെ ജീവിതം
അയാള്‍ ഉറപ്പാക്കുകയായിരുന്നു !

- *** - *** - ***

അങ്ങിനെ ദിവസം ....
ചന്തയില്‍ ഏറ്റവും വില കുറഞ്ഞ
ശവപെട്ടി തേടുകയാണ് അയാളുടെ മകന്‍ .

Friday, October 23, 2009

അവിഹിതം


അയാള്‍ക്കും അയാളുടെ ഭാര്യക്കും
ജാര ബന്ധങ്ങളുണ്ടായിരുന്നു ! പരസ്പരം അറിഞ്ഞപ്പോള്‍
ഹോട്ടല്‍ ബില്ല് ലാഭിക്കാന്‍ ഇടപാടുകള്‍ വീട്ടില്‍ തന്നെയാക്കി .
അക്കാര്യത്തില്‍ നല്ല ചേര്‍ച്ച ! ഒരിക്കല്‍ അവരുടെ കട്ടിലില്‍
അയാളുടെ കാമുകിയും അവളുടെ കാമുകനും ഒരുമിച്ചു .... അതോടെ അവിഹിതം പൂര്‍ത്തിയായി .

Friday, March 20, 2009

അവള്‍


അവന്‍ ഒരു സൂപ്പര്‍ ഹീറോയെന്ന് അവള്‍
വീമ്പിളക്കി നടന്നു ...
അവന്‍റെ ചുറ്റും പെണ്‍കുട്ടികള്‍ ഉള്ളത്
അവള്‍ക്ക് അഭിമാനമായി !
**** **** **** ****
ഇപ്പോള്‍ അവനെ മണ്ടനെന്ന്
അവള്‍ ആവര്‍ത്തിച്ചു വിളിക്കും !
അവനെ ചുറ്റുന്ന സ്ത്രീകളോട്
അവള്‍ക്ക് പകയാണ് !
നാട്ടില്‍ അറിയപ്പെടുന്ന മന്ദബുദ്ധിയാണ് അയാളിപ്പോള്‍ !
കുറിപ്പ് :- അവള്‍ ആദ്യം കാമുകിയും ഇപ്പോള്‍ ഭാര്യയും !

Wednesday, March 18, 2009

പൂര്‍വ്വാശ്രമം

ആദ്യരാത്രി ...
ഇനി നീ മാത്രമാണെന്റെ
ലോകമെന്ന് അവളോട്‌ പറയുമ്പോള്‍
അയാള്‍ കണ്ണുകള്‍ അടച്ചു...
നിറഞ്ഞ രൂപങ്ങള്‍ ....
" അമ്മേ , അച്ഛാ ... ഒരായിരം മാപ്പ് ! "

സ്ലോ ക്ലോക്ക്

ഈ വയസന്‍ ക്ലോക്ക് ഒരിക്കലും സമയം പാലിക്കാറില്ല ..
ഒരു മിനിട്ട് മുമ്പ്‌ പൊട്ടി വീണെങ്കില്‍
അമ്മായിയമ്മയുടെ തലയില്‍ വീണ് അവര് ചത്തേനെ .....
അവള്‍ നെടുവീര്‍പ്പിട്ടു !

ചരിത്രം

അവന്‍ ചരിത്രം പഠിച്ചില്ല ...
കുറെ നാള്‍ കഴിഞ്ഞ് അവന്‍ അച്ഛനെ മറന്നു പോയി ...
പിന്നെയും കുറെ കഴിഞ്ഞ് അവന്‍ അവനെ തന്നെ മറന്നു...
അവന്‍റെ മക്കള്‍ക്ക്‌ അവനെ അറിയുക പോലുമില്ലായിരുന്നു ...
ചരിത്രത്തിനും അവനെ വെറുപ്പായിരുന്നു...
അവന്‍ ജനിച്ചതെയില്ല !

ഞാന്‍ എന്ന കാര്യംഒരിക്കല്‍ മകനായി പിറന്നു ....
ഇപ്പോള്‍ എനിക്കൊരു മകന്‍ പിറന്നു
ഒപ്പം ഞാന്‍ അച്ഛന്‍ ആയി പുനര്‍ജനിച്ചു