Sunday, November 14, 2010

മത പരിവര്‍ത്തനം - സാഹിത്യത്തില്‍. !


ചുറ്റും നിരത്തിയിട്ട സാഹിത്യ കൃതികളെ
അയാള്‍ ഒന്ന് കൂടി നോക്കി....

ഫാസിസത്തിന്‍റെ വിത്തുകള്‍ !
ഭൂമി ഒരു ദേവിയാണത്രേ !
ആല്‍മരം ദൈവം!
അതിനു ചുവട്ടിലെ കല്ല്‌ ദൈവം !
താലി ആലിലയില്‍...
ഉണ്ണി കൃഷ്ണന്‍റെ കിടപ്പും അവിടെ തന്നെ !
നാലുകെട്ട് , ബ്രാഹ്മണ്യം , തറവാട്,
കുളം , പുഴ....... എന്തിന്
പശു - നന്ദിനി
ആട് - കല്യാണി
ആന - കേശവന്‍

പേന കയ്യിലെടുത്തു ദേഷ്യം കടിച്ചമര്‍ത്തി....
നെറ്റിയിലെ വിയര്‍പ്പ് തുടച്ചു കളഞ്ഞ് അയാള്‍ എഴുതി തുടങ്ങി...
" ജോണി മെല്ലെ ലിസിയുടെ കൈവിരലുകളില്‍ തൊട്ടു.
അപ്പോള്‍... അന്തപ്പന്റെ റബ്ബര്‍ മരങ്ങള്‍ പാല്‍ ചുരത്തി.
ഗര്‍വാസിന്റെ കൊമ്പന്‍ ലോപ്പസ് തലയെടുപ്പോടെ പള്ളിപെരുന്നാളിനു
പോവുകയായിരുന്നു !
ഭൂമി ഒരു വിശുദ്ധ മാലാഖയായി....
വറീത് മാപ്പിളയുടെ ഷാപ്പില്‍
ഒരു നേരിയ വെളിച്ചം....
......... "

Wednesday, November 10, 2010

കെണി വാങ്ങി ! 100 രൂപ.

അവന്‍ ഞങ്ങളുടെ
വീട്ടിലെ
അംഗം ആയിരുന്നു.
അനുവാദമില്ലാതെ
നുഴഞ്ഞു
കയറിയ ശത്രു.
ചിലപ്പോള്‍ ചില പിണക്കങ്ങള്‍....
ചില ബലപ്രയോഗങ്ങള്‍ ...
എന്നിട്ടും എന്‍റെ പത്തായത്തിലെ നെല്ലില്‍
അവനും അവകാശമുണ്ടായിരുന്നു ...
***** * ***** * **** * **** * ****

ഇന്ന് അവന്‍റെ പേരില്‍ സ്വന്തമായൊരു രോഗമുണ്ട്‌...
അത് ആളെ കൊല്ലുന്നു....

എനിക്കും എന്‍റെ കുടുംബത്തിനും അവനെ പേടിയാണ്.

ഞാന്‍ ഇന്നൊരു എലിപെട്ടി വാങ്ങി.

Saturday, July 24, 2010

രതിയുടെ സ്വപ്നലോകം !


കിടക്കയില്‍ എന്തോ തടഞ്ഞു .
ഞെട്ടിയുണര്‍ന്നു .... നൂറു കണക്കിന് കുരുന്നു കൈകള്‍ ....
രക്ഷ തേടി കണ്ണുകള്‍ പാഞ്ഞത് വാതിലിനെ പരതാന്‍.... പക്ഷെ .... അവിടെ വാതിലുകളില്ല. ചുവരുകള്‍ മാത്രം.
ചുവരുകളില്‍ തന്നെ തുറിച്ചു നോക്കുന്നത് ഒരായിരം കണ്ണുകള്‍ ..
കുഞ്ഞു കണ്ണുകള്‍ !
നിരീശ്വര വാദത്തിന്റെയും യുക്തിചിന്തയുടെയും വിപ്ലവ കുന്ത മുനകള്‍ ഒടിഞ്ഞു വീണു.
"...... രക്ഷിക്കണേ ചാത്താ"
ഈ ഭൂതങ്ങളില്‍ നിന്നും രക്ഷ തേടണം.
ഓടി കയറിയത് കുളി മുറിയില്‍....
രക്തം ഉറഞ്ഞു ...
കാലുകള്‍ പതിഞ്ഞത് കുളിമുറിയില്‍ ചിതറി കിടക്കുന്ന കുഞ്ഞുങ്ങളുടെ ശരീരങ്ങളില്‍.....
അലറി വിളിക്കാന്‍ പോലും ശക്തിയില്ല ....
കരച്ചില്‍... കരച്ചില്‍... കരച്ചില്‍... കരച്ചില്‍...
"അയ്യോ ........"
................................ .................................
ഉണരുമ്പോള്‍ കൊച്ചു പുസ്തകങ്ങളും , സി ഡി യും , മൊബയിലിലെ എം എം എസ്സുകളും പിന്നെ ചിന്തകള്‍ക്ക്
രതിയുടെ സ്വപ്നലോകം സമ്മാനിക്കുന്ന എല്ലാ സ്ഥാവര -ജംഗമ വസ്തുക്കളും പൂട്ടികെട്ടി ....
സ്കൂളിലേക്കുള്ള വഴിയില്‍ അവന്‍ ചിന്തിച്ചു .... " ഇനി ഈ കുരിശ് ആരുടെ തലയില്‍ കെട്ടി വയ്ക്കും ?"

Monday, March 22, 2010

ശമ്പളം അഥവാ ആത്മഹത്യ !




പാല്‍
--------------- 750 .00
പത്രം ------------------- 125 .00
പലചരക്ക് -------------2500 .00
ഫീസ്‌ ,സ്കൂള്‍ പലവക ---5000 .00
പെട്രോള്‍ --------------2000 .00
നാപ്കിന്‍
(മകള്‍ക്ക് ultra ഭാര്യക്ക്‌ സാദാ )--- 215 .00

സിഗരറ്റ് വലി പണ്ടേ നിര്‍ത്തി... ഇത് പോലൊരു കണക്കെഴുതിയ രാത്രിയില്‍! കള്ളുകുടി ഇപ്പോഴുംഓസിനു കിട്ടിയാല്‍ മാത്രം.
കല്യാണം ,
പാലുകാച്ച്, നൂല് കെട്ട്.... എത്രയോ കാലമായി. അച്ഛന് ഒരുമുണ്ട് വര്‍ഷത്തിലൊന്ന് പതിവുണ്ടായിരുന്നു. അമ്മക്ക് ഒരു പിടി പൂക്കള്‍, ഒരു വിളക്ക്... എണ്ണ.....! കയ്യിലെ നോട്ടുകള്‍ ഒന്ന് കൂടി എണ്ണി !
ഇല്ല ... ആത്മഹത്യയല്ലാതെ വേറെ വഴിയില്ല .
കയര്‍
,
പൊട്ടാത്ത നല്ലയിനം വേണം. നടുവോടിഞ്ഞാല്‍പോരല്ലോ ?
അല്ലെങ്കില്‍
വിഷം . കൂടിയത് തന്നെ വേണം.
വയര്‍
ഇളകിയാല്‍ പോരല്ലോ ? നടക്കില്ല. പതിവ് പോലെ ഈയിനം
അടുത്ത
മാസത്തേയ്ക്ക്മാറ്റി.

Wednesday, March 17, 2010

ഗൗരവം

സര്‍ദാര്‍ജിമാര്‍, ആനകള്‍, ഉറുമ്പുകള്‍, നമ്പൂതിരിമാര്‍, മത്തായി, സീതി ഹാജി, ഉണ്ണികുട്ടന്‍, ടിന്റുമോന്‍ തുടങ്ങി ആയിരങ്ങള്‍ തങ്ങളുടെ പകര്‍പ്പവകാശത്തിനായി കോടതി കയറുന്നു. ! സാഹിത്യ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്നു. എല്ലാവര്‍ക്കും ഒരു വിപ്ലവ മുഖം !!
ധീരതയുടെ
, മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഒരു പുതിയ സാഹിത്യ ശക്തിയാവുകയാണ് .
സുകു
അഴിക്കോടും, മുകുന്ദനും അറിയാതെ പോകുന്നത്. !!!

Wednesday, January 27, 2010

വെളിച്ചത്തിന്റെ നിഴല്‍

വെളിച്ചത്തിന്റെ നിഴലിനെ കുറിച്ച്
കേട്ടിട്ടുണ്ടോ ?
ഇരുട്ടില്‍ മാത്രം ജീവിക്കുന്നവര്‍
അതാണ് കൊതിക്കുന്നത്.
ഒരു പൊട്ടു ദ്വാരത്തിലൂടെ
അരിച്ചു വരുന്ന
വെളിച്ചത്തിന്റെ നിഴലിനെ ...

സ്വം !


ഉറങ്ങാന്‍ കിടന്നപ്പോള്‍
അയാള്‍ കുറെ സാധനങ്ങള്‍
കൂടെ കരുതി !
പൌഡര്‍, കണ്ണാടി, ചീപ് ,
നല്ല കുറെ കുപ്പായങ്ങള്‍ ....
അന്നയാള്‍ നല്ല ചെറുപ്പമായിരുന്നു .

പിന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
പട്ടു മെത്തയും, സിഗരെറ്റും,
കുറെ മദ്യവും കരുതി ...

പിന്നെ , ഒടുവില്‍ മുടി കറുപ്പിക്കാനുള്ള
സാമഗ്രഹികളും മറ്റു ചിലതും !

മരണത്തോടെ ചെന്നെത്തുന്ന
മറ്റൊരു ലോകത്ത് തന്റെ ജീവിതം
അയാള്‍ ഉറപ്പാക്കുകയായിരുന്നു !

- *** - *** - ***

അങ്ങിനെ ദിവസം ....
ചന്തയില്‍ ഏറ്റവും വില കുറഞ്ഞ
ശവപെട്ടി തേടുകയാണ് അയാളുടെ മകന്‍ .